ഗവേഷണ കേന്ദ്രങ്ങളുടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കും: വൈസ് ചാന്‍സലര്‍


കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഗവേഷകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇത് വഴി ഗവേഷണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച് മുഹമ്മദ് കോയ ചെയര്‍, സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റുമായി ചേര്‍ന്ന് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ദ്വിദിന മാനവിക വിഷയങ്ങളിലെ ഗവേഷക ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നാവണം ഗവേഷണം ആരംഭിക്കേണ്ടത്. അത് ജോലിക്ക് വേണ്ടി മാത്രമാവരുത് എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ.ടി.അബ്ദുല്‍ അസീസ് അധ്യക്ഷം വഹിച്ചു. ഡോ.വി.പി.അന്‍വര്‍ സാദത്ത്, അബ്ദുറഹിമാന്‍ മങ്ങാട്, ടി. റിയാസ് മോന്‍ എന്നിവര്‍ സംസാരിച്ചു. ഗവേഷക വിദ്യാര്‍ത്ഥികളുമായി വൈസ് ചാന്‍സലര്‍ സംവദിച്ചു. 1860 മുതലുള്ള ജേണലുകള്‍ ഉള്‍പ്പെടെ ധാരാളം ഗവേഷക പ്രാധാന്യമുള്ള രേഖകള്‍ സി.എച്ച് ചെയറിലുണ്ടെന്ന് ചെയര്‍ ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

Instagram