ചരിത്രത്തെ പൊള്ളിച്ച പോരാട്ടം – അബ്ദുല്‍ കലാം മാട്ടുമ്മല്‍


ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളാത്ത ഏതൊരു ജനതയും പരാജയപ്പെട്ടവരാണെന്നതിന് കാലം തന്നെയാണ് സാക്ഷി. മനുഷ്യകുലത്തിനൊന്നാകെയുള്ള വെളിച്ചമായി ഏകസ്രഷ്ടാവ് സൃഷ്ടിച്ചേകിയ പരിശുദ്ധഖുർആനിന്റെ ഒരു ശൈലിയുണ്ട്. ഇന്നലെകളുടെ ചരിത്രത്തിലേക്ക് ചൂണ്ടി അവയിലെ ശരിതെറ്റുകളെ മനസ്സിലാക്കി ഇന്നിനെ രൂപപ്പെടുത്താനും അതുവഴി നല്ലൊരു നാളെയെ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്നതുമാണ് ഖുർആനിക ശൈലി. ചരിത്രമില്ലാതെ നിലനിൽപ്പും അതിജീവനവും അസാധ്യമെന്ന് സാരം. മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രമെന്നാണ് ഇംഗ്ലീഷ് ചിന്തകൻ ഫ്രാൻസിസ് ബേക്കൺ നിർവചിച്ചത്. രാഷ്ട്രീയ ചരിത്രത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കലല്ല യദാർത്ഥ ചരിത്രരചനയെന്നും, സാമൂഹികജീവിതത്തിന്റെ നാനാവശങ്ങളും പഠനവിധേയമാക്കുന്ന സമ്പൂർണ്ണ ചരിത്രമാവണം ചരിത്രരചനയുടെ ലക്ഷ്യമെന്നുമാണ് ഫ്രഞ്ച് ചരിത്രകാരനായ ഫെർണാണ്ട് ബ്രൗഡൽ സമർത്ഥിച്ചത്. ഔദ്യോഗിക ചരിത്രമെന്നത് സമൂഹത്തിലെ മേൽത്തട്ടിന്റെ അഥവാ അധികാരിവർഗ്ഗത്തിന്റെ ചരിത്രമാണ്. അധികാരകേന്ദ്രങ്ങളിൽ നിന്നുയിർക്കൊള്ളുന്ന ചരിത്രത്തിന് അതിന്റേതായ തമസ്കരണസ്വഭാവവും ഒളിച്ചുവെക്കലുകളും ഒഴിച്ചുകൂടാനാവാത്തതാണ്. അതേസമയം മാക്സിയൻ ചിന്തകളെ പോലെ പൂർണ്ണമായ ഉത്പാദനബന്ധങ്ങളുടെ മാത്രം ആഖ്യാനവുമല്ലയത്. നൂറ്റാണ്ടുകളെടുത്ത് മാത്രം മാറുന്നതും, അടിസ്ഥാനപരവുമായ "ഘടന"യും, ഒന്നോ രണ്ടോ തലമുറകൾ കൊണ്ട് മാറാവുന്നതായ "പ്രവണത"യും, വളരെ പെട്ടെന്ന് മാറുന്നതും, നേരിട്ട് കണ്ടെത്താനാവുന്നതുമായ "സംഭവ"വും എന്ന മൂന്ന് കാലഗണനാതലങ്ങൾ സ്വീകരിച്ചു കൊണ്ടായിരിക്കണം സമ്പൂർണ്ണചരിത്രത്തിന്റെ രചനയെന്നും ബ്രൗഡൽ നിഷ്കർഷിക്കുന്നു. ആദ്യത്തേതിനെ കടലാഴങ്ങളിലെ അടിയൊഴുക്കിനോടും, രണ്ടാമത്തേതിനെ വേലിയേറ്റ-വേലിയിറക്കങ്ങളോടും, അവസാനത്തേതിനെ തിരമാലകളോടുമാണ് ബ്രൗഡൽ ഉപമിക്കുന്നത്. അധികാരമില്ലാത്തവരുടെ ചരിത്രത്തിന് കൂടി പ്രാധാന്യമുണ്ടെന്ന് ബ്രൗഡൽ കാര്യകാരണസഹിതം വിശദമാക്കുന്നു. ഏതൊരു ജനസഞ്ചയത്തിനും ഒരു ചരിത്രമുണ്ട്. പക്ഷെ അധികാരവർഗ്ഗം അവരുടെ ചരിത്രം സ്വയം ക്രമപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യും. അധസ്ഥിതരുടെയും ഭരിക്കപ്പെടുന്നവരുടെയും ചരിത്രവും അതേ അധികാരിവർഗ്ഗം ഔദ്യോഗിക ചരിത്രമെന്ന പേരിൽ അടയാളപ്പെടുത്തിവെക്കും. ഭരണവർഗ്ഗം രൂപപ്പെടുത്തുന്ന ചരിത്രത്തിൽ ഭരിക്കപ്പെടുന്നവന്റെ ചരിത്രത്തിന് പ്രാധിനിത്യം വേണമെന്ന് ആഗ്രഹിക്കാനേ കഴിയൂ. അധികാരിവർഗ്ഗം തങ്ങളുടെ ആശയങ്ങൾക്ക് പോറലേൽക്കാത്ത വിധവും അധസ്ഥിതന്റെ ചരിത്രത്തെ തമസ്കരിച്ചും രൂപപ്പെടുത്തിയ ചരിത്രത്തിൽ അടിയൊതുങ്ങി ജീവിക്കാൻ അടിയാള വിഭാഗം വിധിക്കപ്പെടും. ഈ പാർശ്വവല്കൃത സമൂഹം സ്വന്തം ചരിത്രം അടയാളപ്പെടുത്തുമ്പോൾ അവയെ അവഗണിക്കാനും കെട്ടുകഥകളെന്ന് തള്ളാനും, എല്ലാക്കാലവും അധികാരവർഗ്ഗത്തിന്റെ തലോടലുള്ള മുഖ്യധാരക്ക് എളുപ്പം കഴിയും. പാർശ്വവൽകൃതജനതയെ ചരിത്രം പാടെ അവഗണിക്കുന്നെന്ന ബോധ്യത്തിൽ നിന്നാണ് വാഗ്മയചരിത്രമെന്ന ചരിത്രരചനാശാഖയുടെ ജനനി. മുൻകാലത്തെ സംഭവങ്ങളിൽ നേരിട്ടോ പരോക്ഷമായോ ഭാഗവാക്കായവരുമായി സംസാരിച്ചും അതുവഴി ലഭിക്കുന്ന രേഖകളെ ക്രമപ്പെടുത്തിയടുക്കിയും യുക്തിഭദ്രമായും ചരിത്രത്തെ അവതരിപ്പിക്കുന്നതാണ് വാഗ്മയചരിത്രം. സമൂഹത്തിലെ നാനാമുഖത്തുള്ള വ്യക്തികളുമായി സംസാരിച്ചും അവരിൽ നിന്ന് ലഭിക്കുന്ന നാനാവിധമുള്ള രേഖകളും സംയോജിപ്പിച്ച വിവരണവുമായത് കൊണ്ടുതന്നെ അത്തരം രചനാശൈലികൾ അതാത് ജനസമൂഹത്തിന്റെ സാമൂഹികചരിത്രം കൂടിയാവുന്നു. പോയകാലചരിത്രത്തോട്‌ എന്തിനെന്നും എന്ത് കൊണ്ടെന്നുമുള്ള ചോദ്യങ്ങളുയർത്തി വിശകലനം ചെയ്ത്, സമഗ്രവും ആധികാരികവും വിത്യസ്തവുമായ ശാസ്ത്രീയശൈലി ആദ്യമായി അവതരിപ്പിച്ചത് ഇബ്നുഖൽദൂൻ ആണ്. ക്രമാനുഗതമായി അടുക്കിവെച്ച ചരിത്രനാൾവഴികൾ പഠിച്ചു കൊണ്ടല്ല, അതിനെ വിശകലനം ചെയ്ത് തെറ്റും ശരിയും വേർതിരിച്ചും, അതിൽ നിന്ന് പാഠമുൾക്കൊണ്ടുമല്ലാതെ ശരിയായ മുന്നോട്ടുള്ള ഗമനം ഏതൊരു സമൂഹത്തിനും സാധ്യമേയല്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. അത്ഭുതപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലൂടെ ഗഹനവും കാലമെത്ര കഴിഞ്ഞാലും തിരുത്തില്ലാത്ത വിധവും ഇബ്നുഖൽദൂൻ അവയെ സ്ഥാപിച്ചു. അതുകൊണ്ടാണ് സാമൂഹികശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹത്തെ ഗണിക്കപ്പെടുന്നതും. ഇബ്നുഖൽദൂൻ അവതരിപ്പിച്ച സാമൂഹ്യശാസ്ത്രത്തെ അടിസ്ഥാനമാക്കി ചരിത്രത്തെ പഠിക്കാനുള്ള ശ്രമമെന്ന് കരുതാവുന്ന കേരളത്തിലാദ്യത്തെ സാമൂഹിക ചരിത്രരചനയും വിശകലനവുമാണ് എകെ കോഡൂരിന്റെ "ആംഗ്ലോ മാപ്പിളയുദ്ധം 1921". സമരപരമ്പരകൾ കഴിഞ്ഞൊരു നൂറ്റാണ്ടുപോലും പിന്നിടും മുൻപ് സമരത്തെയും മാപ്പിളമാരെയും വികലവും വിഷമയവുമാക്കിയവരുടെ മൂർദ്ധാവിലുള്ള പ്രഹരമാണ് എകെ കോടൂർ നൽകിയ മലബാർ സമരചരിത്രത്തിന് "ആംഗ്ലോ മാപ്പിള യുദ്ധം" എന്ന തലക്കെട്ട് തന്നെ. 921ലെ സമരമൈതാനത്ത് അണിനിരന്നത് മൂന്ന് കൂട്ടരാണ്. ബ്രിട്ടീഷുകാർ, കോൺഗ്രസ്, പിന്നെ മാപ്പിളമാരും. അതിൽ തന്നെ ബ്രിട്ടീഷുകാരോട് മുഖാമുഖം പോരാടിയവരെന്ന നിലക്ക് ഏറ്റവും പ്രാധാന്യമുള്ള കൂട്ടർ മാപ്പിളമാരാണ്. തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തീക ലക്ഷ്യങ്ങൾക്കായി വഴങ്ങിയവരെ കൂടെച്ചേർത്തും മറ്റുചിലരെ അകലമിട്ട് ആവശ്യാനുസരണം ഉപയോഗിച്ചുപേക്ഷിച്ചും, ഒരു നിലയ്ക്കും വരുതിക്ക് നിൽക്കാൻ തയ്യാറാവാതെ പ്രതിഷേധങ്ങളുയർത്തിയ മാപ്പിളമാരെ കൊന്നൊടുക്കിയും ,നാടുകടത്തിയും, സാമൂഹികമായും സാംസ്കാരികമായും നാമാവശേഷമാക്കിയുമെല്ലാം കൊളോണിയലിസം കാട്ടാളനീതി നടപ്പാക്കി. തങ്ങളുടെ കൊളോണിയൽ പക്ഷം ചരിത്രത്തിൽ എങ്ങനെ അറിയപ്പെടണമെന്ന് ആഗ്രഹിച്ചൊ, അതിനൊത്ത ചരിത്രാഖ്യാനം അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനും ഇടനൽകാത്ത കഥകളോടെ അതാതുകാലത്ത് തന്നെ നിർമ്മിച്ചെടുത്തു. എതിരാവാൻ സാധ്യതയുള്ള വിവരണങ്ങളെയും, പ്രതിസ്ഥാനത്ത് നിർത്തുന്ന സകലമാന രേഖകളെയും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം കൊളോണിയലിസ്റ്റുകൾ നടപ്പാക്കി. തങ്ങളുടെമേൽ ചെളിപുരളാത്ത വിധമുള്ള ചരിത്രാഖ്യാനങ്ങൾ തങ്ങളുടെ ന്യായാന്യായങ്ങളോടെ ഹിച്ച്കോകിനെ പോലുള്ളവരെ വെച്ച് നിർമ്മിച്ചെടുത്തു. ശേഷം ബ്രിട്ടീഷനുകൂലമായ ചരിത്രമൊരുക്കാനുള്ള സകലമാന വിഭവങ്ങളും അതിന് വേണ്ട പശ്ചാത്തലങ്ങളും ഒരുക്കിവെച്ചിട്ടാണ് ബ്രിട്ടീഷുകാരൻ മലബാർ വിടുന്നത്. അടുത്ത വിഭാഗം കോൺഗ്രസ്സാണ്. പരിചിതമല്ലാത്ത സമരരീതികൾക്ക് ജനങ്ങളെ പാകപ്പെടുത്താതെ മാപ്പിളമാരെ സമരമുഖത്തേക്ക് ഇറക്കിയ കോൺഗ്രസിനുള്ളിൽ സമരകാലത്തും ശേഷവും വിവിധങ്ങളായ അഭിപ്രായങ്ങളുണ്ടായിരുന്നു. സമരകാലത്ത് തന്നെ സമരത്തോട് മുഖം തിരിച്ചിരുന്നവരും, അനുകൂലിച്ചിരുന്നവരും, സമരം കൈവിടുന്നുവെന്ന് കണ്ടപ്പോൾ തന്ത്രപൂർവ്വം കൈവലിച്ചവരും, സമരകാലത്ത്‌ കൈക്കൊണ്ട സ്വന്തം നിലപാടുകളെ പിന്നീട് തള്ളിക്കളഞ്ഞവരും തള്ളിപ്പറഞ്ഞവരുമൊക്കെയായി കോൺഗ്രസിനകത്ത് തന്നെ മലബാറിലെ സമരങ്ങളോട് വിത്യസ്ത നിലപാട് സ്വീകരിച്ചവരുണ്ട്. എന്നാൽ സത്യസന്ധമായി സമരത്തോടും സമരചരിത്രങ്ങളോടും ഒപ്പം നിന്നിരുന്നവരും അടയാളപ്പെടുത്തിയവരുമുണ്ട്. സമരകാലത്തെ പല സംഭവങ്ങളും രേഖകളുമെല്ലാം കോൺഗ്രസ് സമ്മേളനരേഖകളിലൂടെയും ജീവചരിത്രങ്ങളിലൂടെയുമെല്ലാം ലഭ്യമായത് അതുകൊണ്ടാണ്. കുറഞ്ഞയളവിലെങ്കിലും മലബാറിന്റെ സമരചരിത്രം അടയാളപ്പെടുത്തിയതിൽ കോൺഗ്രസുമുണ്ടെന്ന് സാരം. മൂന്നാമത്തെ വിഭാഗം സമരരംഗത്ത്‌ കൊളോണിയലിസത്തോട് മുഖാമുഖം പോരാടിയ മാപ്പിളമാരാണ്. ബ്രിട്ടീഷുകാരും കോൺഗ്രസും അവരവരുടെ ഭാഗം അടയാളപ്പെടുത്തി. എന്നാൽ സമരരംഗത്ത് അതിപ്രാധാന്യമുള്ളവരും മലബാർ സമരങ്ങളിലെ പ്രബലവിഭാഗവുമാണെങ്കിലും മാപ്പിളമാരുടെ ഭാഗത്ത് നിന്ന് മലബാർ സമരത്തെ കുറിച്ച് ആധികാരികമായ വിവരണമോ വിശകലനങ്ങളോ ഇക്കാലം വരെയുമുണ്ടായില്ല. എന്നാൽ സമരമുഖങ്ങളിൽ നിലകൊണ്ട മാപ്പിളമാരുടെ വിവരണങ്ങളിലൂടെയും, അതിനെ സാധൂകരിക്കുന്ന രേഖകളിലൂടെയും സമരചരിത്രത്തെ ആദിമാന്ത്യം വിശകലനം ചെയ്യുന്ന ആദ്യകൃതിയാണ് "ആംഗ്ലോ മാപ്പിള യുദ്ധം 1921". സാധാരണക്കാരനായ ഒരു പത്രപ്രവർത്തകന്റെ അന്വേഷണത്വരകളാണ് മേത്തരമൊരു സാമൂഹ്യചരിത്രസൃഷ്ടിയിലേക്കുള്ള വാതായനങ്ങൾ. താനടങ്ങിയ നാടിന്റെയും ജനതയുടെയും വീറുറ്റതും സമ്പന്നവുമായ ചരിത്രത്തെ വായിച്ചു തുടങ്ങുമ്പോൾ കൂട്ടിയോജിപ്പിക്കാനാവാത്ത വിധം വിടവുകളും വൈകല്യങ്ങളും, ഇടർച്ചകളും അകൽച്ചകളും നിറഞ്ഞതാണെന്ന തിരിച്ചറിവാണ് സത്യമന്വേഷിച്ചിറങ്ങാൻ അലവിക്കുട്ടിയെന്ന പത്രപ്രവർത്തകനെ പ്രേരിപ്പിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ വെടിക്കോപ്പുകളോട് നെഞ്ചൂക്ക് കൊണ്ടുമാത്രം ഒരു സമൂഹമെതിരിട്ട് കേവലം അരനൂറ്റാണ്ട് പിന്നിടും മുൻപേ വികലമാക്കിയ മലബാറിന്റെ പോയകാല വസ്തുതകളെ തേടി എകെകോഡൂർ ഇറങ്ങുന്നത് 1970ലാണ്. എന്നാൽ "ആംഗ്ലോ മാപ്പിള യുദ്ധം, 1921" എന്ന കൃതിക്കും അതിന്റെ പ്രസിദ്ധീകരണത്തിനും റൂഹാവുന്നത് വിദേശപഠനം കഴിഞ്ഞു തിരിച്ചെത്തിയ കാലം മുതൽ മുഹമ്മദലി ശിഹാബ് തങ്ങളുമായി എകെ കോടൂരിനുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും നിരന്തര സമ്പർക്കവുമാണ്. ഒരു ശരാശരി പത്രപ്രവർത്തകനിൽ നിന്നും ഒരു ചരിത്രഗവേഷകനായും സാമൂഹ്യചരിത്രകൃതിയുടെ ഗ്രന്ഥകാരനായും എകെയെ വളർത്തിയത് മുഹമ്മദലി തങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്. 1921ലെ ഐതിഹാസിക സമരപോരാട്ടങ്ങളെ വികലമാക്കിയവതരിപ്പിച്ച ആഖ്യാനങ്ങളിൽ പലതും തെറ്റാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ മുഹമ്മദലി തങ്ങളുമായുള്ള സംഭാഷണങ്ങളിൽ ഇതിവൃത്തങ്ങളായി. അത്തരമൊരു സംഭാഷണമധ്യേ മുഹമ്മദലി തങ്ങൾ എന്ത് കൊണ്ട് എകെക്ക് അന്വേഷണം കുറേക്കൂടി കാര്യക്ഷമമാക്കിക്കൂടെന്നും കണ്ടെത്തുന്ന വിവരങ്ങളും വിവരണങ്ങളും പുസ്തകമാക്കിക്കൂടെന്നും ചോദ്യമുയർത്തി. ആ ചോദ്യത്തിനുള്ള ഉത്തരമായി രചന പ്രസിദ്ധീകൃതമായത് 1999ലാണ്. ഔദ്യോഗിക വാർത്ത ഏജൻസിയായ പിടിഎയുടെ മലപ്പുറം റിപ്പോർട്ടറായും, അൽപകാലം മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു എകെ കോടൂർ. മലപ്പുറം ടൈംസ്, മാപ്പിളനാട്, ലീഗ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കുകയും അനവധി ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്. കോഡൂർ പഞ്ചായത്ത് ഭരണസമിതിയിൽ 2005-2010 കാലയളവിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു മെമ്പറായും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് അലവിക്കുട്ടിയെന്ന എകെ കോടൂർ. ചരിത്രത്തിലാദ്യമായി മലബാർ സമരത്തെ ആംഗ്ലോ മാപ്പിള യുദ്ധമെന്ന് വിശേഷിപ്പിച്ചത് എകെയാണ്. സമരപോരാട്ടങ്ങളിൽ പങ്കെടുത്തവർ, പോരാളികൾക്ക് സഹായം ചെയ്ത് കൊടുത്തവർ, സമരത്തോടും സമരപോരാളികളോടും എതിരായിരുന്നവർ, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അക്രമങ്ങൾക്ക് വിധേയരായവർ, പട്ടാളഭീകരതയിൽ രക്തസാക്ഷിത്വം വരിച്ചവരുടെ സഹചാരികൾ, അവരുടെ കുടുംബങ്ങൾ, സമരത്തിന്റെ കെടുതിയനുഭവിച്ചവർ, അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിൽ ഉദ്യോഗസ്ഥരായിരുന്നവർ തുടങ്ങിയവരുമായി നടത്തിയ അനേകം അഭിമുഖങ്ങളും അവരിൽ നിന്നെല്ലാം ലഭിച്ച രേഖകളും അനുഭവക്കുറിപ്പുകളും ഓർമ്മക്കുറിപ്പുകളുമെല്ലാം സംസാരിക്കുന്ന ആധികാരിക രചന. ബ്രിട്ടീഷുകാരും അല്ലാത്തവരുമായി സമരചരിത്രങ്ങളെ അടയാളപ്പെടുത്തിയ ചരിത്രകൃതികളും മേല്പറഞ്ഞവരുടെ പക്കൽ നിന്ന് ലഭിച്ച അനേകമനേകം രേഖകളും ഡയറികളും തുടങ്ങി പഴുതടച്ചതും ലഭ്യമായ സകലവഴികളിലൂടെയുമുള്ള അന്വേഷണങ്ങൾ. രചന പൂർത്തിയാക്കുമ്പോൾ ആയിരത്തിഅഞ്ഞൂറിനടുത്ത് പേജുകളുണ്ടായിരുന്നു. അതത്രയും പ്രസിദ്ധീകരിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾക്കൊടുവിൽ 475 പേജുകളിലായാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. അങ്ങനെ ഒരു മനുഷ്യായുസ്സിലെ കർമ്മമണ്ഡലത്തിന്റെ സിംഹഭാഗവും ഈ ഗ്രന്ഥരചനക്കായി ചിലവഴിച്ചാണ് എകെ പുസ്തകം പൂർത്തിയാക്കിയത്. കിളിയമണ്ണിൽ ഫസലിനെപ്പോലുള്ളവർ നേതൃത്വം കൊടുത്ത "മലബാർ വിപ്ലവ അനുസ്മരണ സമിതി"യാണ് അന്ന് പ്രസിദ്ധീകരിച്ചത്. ആ കൃതിയുടെ പരിഷ്കരിച്ച പതിപ്പാണ് കാലിക്കറ്റ് സർവ്വകലാശാല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രേസ് ബുക്സ് ഇപ്പോൾ പുറത്തിറക്കിയത്. നിജസ്ഥിതി തേടിയുള്ള ഒരന്വേഷണാത്മക പത്രപ്രവർത്തകന്റെ നിതാന്തജാഗ്രതയോടെയുള്ള മുപ്പത് വർഷത്തോളം നീണ്ട അന്വേഷണങ്ങളിലെ കണ്ടെത്തലുകളും അവയ്ക്ക് ബലമേകുന്ന രേഖകളുമടങ്ങുന്ന രചന. സമരങ്ങളിൽ പങ്കെടുത്തവർ രചയിതാവിനോട് നേരിട്ട് പങ്കുവെച്ച സ്വാനുഭവങ്ങളും, ചെറുതും വലുതുമായ സമരങ്ങൾ നടന്ന സകല പ്രദേശങ്ങളിലും നേരിട്ട് പോയി അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളും വസ്തുതകളും. സമൂഹത്തിന്റെ നാനാതുറകളിലുള്ള മനുഷ്യരുടെയും തീഷ്ണാനുഭവങ്ങളും സാക്ഷ്യപ്പെടുത്തലുകളും. സമൂഹത്തിന്റെ സർവ്വമേഖലയിലുമുള്ള മനുഷ്യരുടെയും അനുഭവമായത് കൊണ്ടുതന്നെ ആ സാമൂഹിക വൈവിധ്യങ്ങളും രചനയിലുമുണ്ട്. അതാതുകാലത്തെ ജനവിഭാഗങ്ങളുടെ അവസ്ഥാന്തരങ്ങളിലേക്ക് നയിച്ച ചരിത്ര-സാമൂഹിക പശ്ചാത്തലങ്ങളും സാധാരണക്കാരന് ഉൾക്കൊള്ളാനാവും വിധം ലളിതമായി പറഞ്ഞുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് "ആംഗ്ലോ മാപ്പിള യുദ്ധം" ആധികാരികവും സമഗ്രവും ആവുന്നതോടൊപ്പം മലബാറിന്റെ സാമൂഹിക ചരിത്രവും കൂടിയാവുന്നത്. എന്നാൽ സാമൂഹികചരിത്രമാവണമെന്ന മുൻധാരണകളോടെയല്ല കൃതിയുടെ രചന. നാനാവിധ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങളും വിവരണങ്ങളും കോർത്തിണക്കി തയ്യാറാക്കിയത് കൊണ്ട് അറിയാതെ സംഭവിച്ചതാണത്. അതുകൊണ്ടുതന്ന മുൻധാരണകളുടെ ആടയും ആടയാഭരങ്ങളുമില്ലാത്ത രചനാശൈലി സാധാരണക്കാരന് അനുഭവേദ്യമാവുകയും ചെയ്യുന്നു. ഭാഷാപരമായി ഒഴുക്കും താളവും കൈവരുത്താൻ ശ്രമിക്കാത്ത സാധാരണ പത്രപ്രവർത്തകന്റെ രചനയായത് കൊണ്ടും, കല്പിതകഥകളോ ആഖ്യാനങ്ങളോ അശേഷമില്ലാത്തത് കൊണ്ടും ഭാഷയുടെ ചമയമോ ചമത്കാരങ്ങളോ അതിന്റെ ആലങ്കാരികതകളോ ഇല്ലാതെ നേരെഴുത്തിന്റെ തീഷ്ണത വായനക്കാരനിലേക്കുമെത്തുന്നു. മലബാറിന്റെ സാമൂഹിക പശ്ചാത്തലങ്ങളെ വിശദീകരിക്കാൻ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട് പുസ്തകം. പ്രാദേശികവും ജൈവീകവുമായ അനുഭവസാക്ഷ്യങ്ങളെ സാമൂഹിക ചരിത്രത്തിന്റെ അപദാനമാക്കുന്ന രീതി നവീനമായ സാംസ്കാരിക അന്വേഷണങ്ങൾക്കും സാമൂഹിക ചരിത്രവിശകലനത്തിനും മുതൽക്കൂട്ടാണെന്ന് അവതാരികയിൽ കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം പ്രൊഫസ്സർ കെ എസ് മാധവൻ പറഞ്ഞതും അതുകൊണ്ടാണ്. സാധാരണ അവതാരികകളിൽ നിന്നും ഭിന്നമായി വിശാലവും ചരിത്രസാധുതകളുടെ കൃത്യമായ വസ്തുതാന്വേഷണങ്ങളോടെയുമുള്ള പ്രൗഢമായ കെഎസ് മാധവന്റെ അവതാരിക പുസ്തകത്തിന്റെ തിലകച്ചാർത്തായി മാറുന്നു. തത്വചിന്തകനും ആർക്കിയോളജിസ്റ്റുമായ ആർ ജി കോളിംഗ് വുഡിന്റെ ചരിത്രത്തെ കുറിച്ചുള്ള പ്രശസ്തമായ The Idea Of History എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്ന ചില വസ്തുതകളുണ്ട്. ചരിത്രമെന്തെന്ന് തീരുമാനിക്കുന്നത് വ്യക്തിയോ സമൂഹമോ പ്രവർത്തിച്ചതെന്തോ അതല്ല, പ്രവർത്തനങ്ങൾക്ക് നിതാനമായതും പ്രവർത്തനങ്ങളിലേക്ക് നയിച്ച ചിന്തകളുമാണ് ചരിത്രമെന്നാണ്. 1921ൽ മലബാറിലെ ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനും പോരാടിയ മാപ്പിളമാർക്കും ആത്യന്തികമായുണ്ടായിരുന്ന വൈദേശികശക്തികളിൽ നിന്ന് മാതൃരാജ്യത്തെ മോചിപ്പിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തെ മാപ്പിളമാർ നോക്കിയതും കണ്ടതും അതിനായി പ്രവർത്തിച്ചതും എങ്ങനെയെന്ന് "ആംഗ്ലോ മാപ്പിള യുദ്ധം" വിശിഷ്ടമായി അവതരിപ്പിക്കുന്നു. ആ ചിന്തകളെയും ലക്ഷ്യങ്ങളെയും അതിനെത്തുടർഞ്ഞുണ്ടായ സംഭവപരമ്പരകളെയും സർവ്വതോന്മുഖമായി ഗഹനവിശകലനം നടത്തുന്നു. അക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് മലബാർ കലാപത്തിന്റെ ആധികാരികവും വസ്തുതാപരവുമായ വിശകലനമായി ആംഗ്ലോ മാപ്പിള യുദ്ധം 1921 മാറുന്നതും